
2008 മാർച്ച് 19ന് വിജ്ഞാപനം ചെയ്ത പാക്കേജിന്റെ ആനുകൂല്യങ്ങൾ കിടപ്പാടങ്ങൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് സമയബന്ധിതമായി നൽകാൻ നടപടികൾ സ്വീകരിച്ച സർക്കാർ നിലപാട് തീർച്ചയായിട്ടും സ്വാഗതാർഹമാണ്, എന്നാൽ ജാഗ്രത തുടരും എന്ന് ഫാദർ ഫ്രാൻസീസ് സേവിയർ താന്നിക്കപ്പറമ്പിൽ വ്യക്തമാക്കി. പാക്കേജിന്റെ ആനുകൂല്യങ്ങൾക്ക് അർഹരായ മൂലംപള്ളിയിലെ കുടുംബങ്ങളുടെ ഒത്തുചേരലിൽ ആമുഖം അവതരിക്കുകയായിരുന്നു അദ്ദേഹം. 18 വർഷങ്ങൾക്കു മുമ്പ് കേരളത്തിൻ്റെ മനസ്സാക്ഷിയുടെ പിന്തുണയോടെ കുടുംബങ്ങൾ നേടിയെടുത്ത പാക്കേജ് മാറിമാറി വന്ന സർക്കാരുകൾ ഇതുവരെ പൂർണമായും നടപ്പാക്കാതിരുന്നതാണ് നിലവിൽ പ്രതിസന്ധി സൃഷ്ടിച്ചത്. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പാക്കേജ് അനുകൂല്യങ്ങൾ കുടുംബങ്ങൾക്ക് ലഭ്യമാക്കുവാൻ നടത്തുന്ന ആത്മാർത്ഥമായ പരിശ്രമങ്ങൾക്ക് എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കോർഡിനേഷൻ കമ്മിറ്റിയുടെ ജനറൽ കൺവീനർ ഫ്രാൻസിസ് കളത്തുങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വിപി വിൽസൺ, കെ റെജികുമാർ, സീലിയ ഫെലിക്സ്, മേരി ഫ്രാൻസിസ് പനക്കൽ, അഗ്നസ് ആൻറണി, ഓസ്റ്റിൻ പോൾ, ജോർജ് അമ്പാട്ട്, അരവിന്ദൻ, ജോൺസൺ കാരക്കപ്പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു. കണ്ടെയ്നർ റോഡിൻ്റെ നിർമ്മാണത്തിനു വേണ്ടി പുരയിടങ്ങൾ വിട്ടുകൊടുത്ത കുടുംബങ്ങളെ ടോൾ ഫ്രീ ലിസ്റ്റില് ഉൾപ്പെടുത്താൻ പേര് വിവരങ്ങൾ ദേശീയപാത അധികൃതർക്ക് കൈമാറുവാൻ യോഗം തീരുമാനിച്ചു.
Photo Courtesy - Google











